മലയാളം
Sorah Al-Muzzammil (The One wrapped in Garments)
Verses Number 20
ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ,
രാത്രി അല്പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക.
അതിന്റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്പം) കുറച്ചു കൊള്ളുക.
അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.
തീര്‍ച്ചയായും നാം നിന്റെ മേല്‍ ഒരു കനപ്പെട്ട വാക്ക് ഇട്ടുതരുന്നതാണ്.
തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു.
തീര്‍ച്ചയായും നിനക്ക് പകല്‍ സമയത്ത് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്.
നിന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും, (മറ്റു ചിന്തകള്‍ വെടിഞ്ഞ്) അവങ്കലേങ്കു മാത്രമായി മടങ്ങുകയും ചെയ്യുക.
ഉദയസ്ഥാനത്തിന്റെയും, അസ്തമനസ്ഥാനത്തിന്റെയും രക്ഷിതാവാകുന്നു അവന്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക.
അവര്‍ (അവിശ്വാസികള്‍) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക.
എന്നെയും, സുഖാനുഗ്രഹങ്ങള്‍ ഉള്ളവരായ സത്യനിഷേധികളെയും വിട്ടേക്കുക. അവര്‍ക്കു അല്പം ഇടകൊടുക്കുകയും ചെയ്യുക.
തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല് ചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയും
തൊണ്ടയില്‍ അടഞ്ഞു നില്ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്.
ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ ഒലിച്ചു പോകുന്ന മണല്‍ കുന്ന് പോലെയാവുകയും ചെയ്യുന്ന ദിവസത്തില്‍.
إِنَّا أَرْسَلْنَا إِلَيْكُمْ رَسُولا شَاهِدًا عَلَيْكُمْ كَمَا أَرْسَلْنَا إِلَى فِرْعَوْنَ رَسُولا
↓

തീര്‍ച്ചയായും നിങ്ങളിലേക്ക് നിങ്ങളുടെ കാര്യത്തിന് സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിര്‍ഔന്റെ അടുത്തേക്ക് നാം ഒരു ദൂതനെ നിയോഗിച്ചത് പോലെത്തന്നെ.
എന്നിട്ട് ഫിര്ഔന് ആ ദൂതനോട് ധിക്കാരം കാണിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി.
എന്നാല്‍ നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കില്‍, കുട്ടികളെ നരച്ചവരാക്കിത്തീര്‍ക്കുന്ന ഒരു ദിവസത്തെ നിങ്ങള്‍ക്ക് എങ്ങനെ സൂക്ഷിക്കാനാവും?
അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാണ്. അല്ലാഹുവിന്റെ വാഗ്ദാനം പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
തീര്‍ച്ചയായും ഇതൊരു ഉല്‍ബോധനമാകുന്നു. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം അവന് തന്റെ രക്ഷിതാവിങ്കലേക്ക് ഒരു മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.
إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَى مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَ وَاللَّهُ يُقَدِّرُ اللَّيْلَ وَالنَّهَارَ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ فَاقْرَؤُوا مَا تَيَسَّرَ مِنَ الْقُرْآنِ عَلِمَ أَن سَيَكُونُ مِنكُم مَّرْضَى وَآخَرُونَ يَضْرِبُونَ فِي الأَرْضِ يَبْتَغُونَ مِن فَضْلِ اللَّهِ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِ فَاقْرَؤُوا مَا تَيَسَّرَ مِنْهُ وَأَقِيمُوا الصَّلاةَ وَآتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًا وَمَا تُقَدِّمُوا لأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ
↑

നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന് നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൌകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൌകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.